Header Ads

സുരേഷ് സ്വാമിയുടെ നഗ്നപൂജ

നാട്ടില്‍ പുറത്തിന്റെ സകല നന്മകളും ഉള്ള നാട് എന്നൊന്നും പറയാന്‍ പറ്റില്ല എങ്കിലും അത്യാവശ്യം തമ്മില്‍ തല്ലും കുശുമ്പും കുന്നായ്മയും  ഒക്കെയായി ആളുകള്‍ സന്തോഷത്തോടെ ജീവിക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് ഞങ്ങളുടെ കൊച്ചാലുംമൂട്.


ഒരു സ്വാമി ജനിക്കുന്നു 

നാട്ടില്‍ ഒരു കാവുണ്ടായിരുന്നു അവിടുത്തെ ഒരു കുടുമ്പക്കാരുടെ ആരാധനാ സ്ഥലം ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അത്. വര്‍ഷങ്ങള്‍ ആയി പൂജയും കര്‍മ്മവും ഒന്നുമില്ലാതെ ആകെ നാശത്തിന്റെ വക്കില്‍ കിടന്നിരുന്ന ആ മാടന്‍ കാവ്‌ കുറച്ചു നാട്ടുകാരുടെ ശ്രമഭലമായി വൃത്തിയാക്കി പൂജയും വിളക്ക്കത്തിക്കലും ഒക്കെ വീണ്ടും തുടങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ പുന: പ്രതിഷ്ഠയൊക്കെ നടത്തി  ഒന്നുകൂടി പരിഷ്കരിച്ചു. അമ്പലം നല്ല പുരോഗതിയിലായി.


ഈ അമ്പലത്തിലെ പൂജാരിയുടെ ശിങ്കിടിയായി നിന്ന ആളാണ്‌ നമ്മുടെ കഥാ നായകന്‍  സുരേഷ്  നാട്ടില്‍ അത്യാവശ്യം കൂലിപ്പണി കള്‍ക്കൊക്കെ പൊയ്ക്കൊണ്ടിരുന്ന ആള്‍ എങ്ങനെ പരികര്‍മ്മി ആയി എന്നത് ഞങ്ങള്‍ക്ക്‌ അജ്ഞാതം ആണ് ..കുറച്ചു കാലം ഈ  പരികര്‍മ്മി പരിപാടിയും അമ്പലത്തിന്‍റെ കമ്മറ്റിഅംഗവുമൊക്കെ ആയിരുന്നു സുരേഷ് ..


ഒരു സുപ്രഭാത്തില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത കേട്ടാണ് കൊച്ചാലുംമൂട്ടിലെ ആളുകള്‍ ഉണര്‍ന്നത് .
" സുരേഷിന്‍റെ ദേഹത്തു ദേവി കയറി ഇന്നലെ രാത്രി " അതും സാക്ഷാല്‍ ചാമുണ്ഡി..

 ദേവന്‍ ഇനി ദേവിയുമായി വഴക്കിട്ടോ !! ദേവിക്ക്  ഇരിക്കാന്‍ സ്ഥലം കൊടുത്തില്ലേ? നാട്ടില്‍ മുക്കിനു മുക്കിനു ഇത്രേം ക്ഷേത്രങ്ങള് ഉള്ളപ്പോ ഭാര്യേം പിളെളരുമുള്ള ഇവന്റെ ദേഹത്ത് എന്തിനാ ദേവി കേറി ഇരിക്കുന്നത് !!. നാട്ടുകാര്‍ മുഖത്തോട് മുഖം നോക്കി.  എന്നാല്‍ ഇതിന്റെ സത്യാവസ്ഥ അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം. എല്ലാരും കൂടി  സുരേഷിന്‍റെ വീട്ടിലേക്കു വച്ച് പിടിച്ചു.


അവിടെയെത്തിയപ്പോ  ദേവി ധ്യാനത്തില്‍ ആണ്  കാണാന്‍ പറ്റില്ല എന്നായി ആശാന്‍റെ സഹധര്‍മ്മിണി.  എന്തായാലും  ഇതൊരു തുടര്‍ക്കഥ ആയി എല്ലാ ദിവസവും രാത്രി ഒരു സമയം ആവുമ്പോള്‍ ദേവി സുരേഷിന്‍റെ ദേഹത്തു വരും.

പിന്നെ നാട്ടിലുള്ള ഓരോരുത്തരുടെയും പേര് വിളിക്കും ദേവി . 
             നടരാജാ .. നിനക്ക് കന്നിമാസം ആയാല്‍ പിന്നെ നല്ലകാലം വരും .
കല്യാണി.. മകളുടെ കല്യാണം നടക്കുന്നില്ല അല്ലെ എല്ലാത്തിനും പോവഴിയുണ്ട് ...
ഇങ്ങനെയൊക്കെ ഒരു ജനപ്രിയ ദേവി.  പ്രവചനവും പേര് വിളിയും ഒക്കെ കഴിഞ്ഞു ദേവി ബോധം കെട്ട് ഡിം... പിന്നെ ദര്‍ശനം ഇല്ല. 
അന്ന് കോമഡി സ്റ്റാര്‍സ്‌ ഒന്നും ഇല്ലാത്തോണ്ടായിരിക്കും നാട്ടുകാരു മിക്കവരും ദേവിയെ കാണാന്‍ കൂടും..


പ്രശസ്തിയില്‍ 

താമസിയാതെ സ്വാമിയുടെ ചില ചുട്ട കോഴിയെ പറപ്പിക്കല്‍ മോഡല്‍ അത്ഭുത കഥകള്‍ കൂടി നാട്ടില്‍ പ്രചരിച്ചു തുടങ്ങി.  രാത്രിയാവുമ്പോള്‍ ദേവി നേരിട്ട് സുരേഷിന്റെ വീട്ടിലേക്ക്‌ എഴുന്നള്ളുകയാനെന്നും. ചിലരൊക്കെ ഈ ദേവിയെ കണ്ടു മോഹാലസ്യം വന്നു വീണെന്നും വരെ പിന്നെയും കഥകള്‍ ...
പിന്നീട് അധികകാലം വേണ്ടി വന്നില്ല വെറും സുരേഷ്  സുരേഷ് സ്വാമി ആവാനും .. ആവാനും വീട്ടില്‍ ഒരു ക്ഷേത്രവും ആശ്രമവും ഒക്കെ  ഉയരാനും .നാട്ടുകാരില്‍ ഭൂരിഭാഗവും ഇതിനെയൊക്കെ അവിശ്വസിക്കുകയും  എതിര്‍ക്കുകയും ഒക്കെ ചെയ്തെങ്കിലും ചില ജോലിയില്ലാ താരങ്ങള്‍ സ്വാമിയ്ക്ക് ശിങ്കിടികളായി 
മുടിയും ജഡയും കാവിയുമോക്കെയായി സുരേഷ് ഒരു ഒന്നാന്തരം സ്വാമി ഗെറ്റപ്പിലുമായി ..
പിന്നീടങ്ങോട്ട് സ്വാമി ഉയര്‍ച്ചയിലേക്കുള്ള യാത്ര ആയിരുന്നു എന്ന് തന്നെ പറയാം ശിങ്കിടികളും സ്വാമിയും കൂടി കുറച്ചു രസീത്  കുറ്റികള്‍ ഒക്കെ അടിപ്പിച്ചു ലക്ഷാര്‍ച്ചന എന്ന പേരില്‍ സാധാരണ അര്‍ച്ചന അമ്പലത്തില്‍ പോയാണ് ആളുകള്‍ വാങ്ങാറുള്ളത് 
 പക്ഷെ സ്വാമിയും ശിങ്കിടികളും  വീടുകള്‍ തോറും നടന്നു പിരിവോട് പിരിവ് .. (പല തട്ടിക്കൂട്ട് അമ്പലങ്ങളുടെ ഉയര്‍ച്ചയുടെയും പിന്നില്‍ ഈ ലക്ഷാര്‍ച്ചനയ്ക്ക് വല്യ പങ്ക്  ഉണ്ട്  ) 


അങ്ങനെ ലക്ഷാര്‍ച്ചനയും കോടി അര്‍ച്ചനയും ഒക്കെ ചെയ്തു സ്വാമി ആളു കേറി ഫേമസ് ആയി.   ഇപ്പോള്‍ ഇന്‍സ്റ്റന്റ് ആയി  വേണമെങ്കില്‍  അര്‍ച്ചന, ഹോമം, മന്ത്രവാദം, കൂടോത്രം  തുടങ്ങിയ കലാപരിപാടികള്‍ ഒക്കെ  സ്വാമി ചെയ്തു കൊടുക്കപ്പെടും . അധികവും പുറം നാട്ടുകാരാണ് ഇതിന്റെയൊക്കെ ഭക്തരായ  ഇരകള്‍. അതില്‍ തന്നെ  പെണ്ണുങ്ങള്‍ അധികവും. 
അല്ലെങ്കിലും ദേവി എന്ന് കേട്ടാല്‍ മതിയല്ലോ ചില നാരീമണികള്‍ക്ക് തുള്ളലും വിറയലും ഒക്കെ തുടങ്ങാന്‍. 


ചെറിയ ഒരു അടിച്ചില്‍ 

വീട്ടിലോ പറമ്പിലോ  നിധിയുണ്ടെങ്കില്‍  സ്വാമി തന്റെ ജ്ഞാന ദ്രിഷ്‌ടിയാല്‍   അത് ഉടന്‍ കണ്ടു പിടുച്ചു കൊടുക്കും വളരെ ചെറിയൊരു ഫീസ്‌ മാത്രം ഈടാക്കും. ഒരു മൂന്നോ നാലോ ലക്ഷം രൂപ. എന്നാലെന്താ കോടി വിലയുള്ള സ്വര്‍ണ്ണം അല്ലെ കിട്ടാന്‍ പോകുന്നത് ..പിന്നെ പൂജകഴിഞ്ഞു അവര്‍ക്ക്‌ രാഹുവിന്റെ അപഹാരം ഉണ്ടായോണ്ട് കിട്ടിയ സ്വര്‍ണ്ണം ചെമ്പോ പിത്തളയോ ആയി മാറിയാല്‍ സ്വാമിയെ കുറ്റം പറയരുത് എന്ന് മാത്രം .

ഇങ്ങനങ്ങോട്ട് പ്രശസ്തന്‍ ആയ സ്വാമിയെ നാട്ടുകാരില്‍ പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക് അത്ര അങ്ങോട്ട്‌ പിടിച്ചില്ല ..അവസരം കാത്തിരുന്നവര്‍ക്ക് മുന്നില്‍ സ്വാമി ഒരിക്കല്‍ ഒന്ന് പെട്ടു
സ്വാമിയുടെ പുണ്യാശ്രമത്തില്‍  ദര്‍ശനം തേടി വന്ന ഒരു സ്ത്രീ രത്നതെയും സ്വാമിയെയും റബര്‍ തോട്ടത്തില്‍ ചെറിയൊരു പൂജയ്ക്കിടയില്‍ നാട്ടുകാര് കിള്പ്പിട്ടു...നാട്ടുകാരുടെ സ്നേഹ പ്രകടനത്തില്‍ സ്വാമിക്ക് കഴുത്തിലും  ചെറിയൊരു ക്ലിപ്പ്‌  ..പിടലി ചെറുതായി ഒന്നൊടിഞ്ഞു.
എന്തായാലും പിന്നെ സ്വാമി നാട്ടില്‍  വച്ചുള്ള പൂജ അങ്ങ് നിര്‍ത്തി .ഇനി ഭക്ത ജനങളുടെ വീടുകളില്‍ ചെന്നുള്ള പൂജ മാത്രം മതി എന്ന് വച്ചു.


ഹോമം വേണം .....
  
കുറച്ചു ദൂരെയുള്ള  നാട്ടിലെ  ഒരു പെണ്‍കുട്ടിക്ക്  പ്രണയപ്പനി. പത്തിലോ മറ്റോ പഠിക്കുകയാണ് പെണ്ണ് പക്ഷെ  ആരൊക്കെ എതിര്‍ത്താലും ആകാശം ഇടിഞ്ഞു വീണാലും തന്റെ കാമുകനെ മാത്രേ കെട്ടൂ  അതും ഇപ്പൊ കെട്ടണം എന്ന നിലപാടിലാണ്  .  ഏതോ കണ്ടക്റ്റര്‍ അണ്ണന്‍ ആയിരിക്കണം പ്രേമഭാജനം (അണ്ണന്‍മാരാണല്ലോ ഇപ്പോഴത്തെ താരങ്ങള്‍) വീട്ടുകാര്‍ ഒരു തരത്തിലും സമ്മതിക്കില്ല    അവര്‍ക്ക് മാരണം ഒന്ന് ഒഴിക്കണം എങ്ങനേലും . അങ്ങനെ ഇതൊന്നു പിരിച്ചു കിട്ടാനുള്ള പോംവഴി എന്താണെന്ന് അന്വേഷിക്കുമ്പോളാണ് ആരോ നമ്മുടെ സ്വാമിയെപ്പറ്റി പെണ്ണിന്റെ തള്ളയോടു പറയുന്നത് പിന്നെ ഒന്നുമാലോചിച്ചില്ല ഭര്‍ത്താവിനെയും പ്രേമം തലയ്ക്കു പിടിച്ച മോളെയും കൂട്ടി നേരെ സ്വാമിയുടെ  പുണ്യാശ്രമത്തിലേക്ക് -

കാര്യങ്ങള്‍ എല്ലാം കേട്ടുകഴിഞ്ഞു നമ്മുടെ സ്വാമി കവടിയൊക്കെ നിരത്തി.. രാഹുവിന്റെ അമ്മായിക്ക് ഷുഗര്‍ ആയോണ്ട്  ശുക്രന്‍ ഗുളികയ്ക്ക് പോയേക്കുന്നു  അതുകൊണ്ട് കണ്ടക ശനിയാണ്   മുതലായ സ്ഥിരം കമന്റ്സ് ഒക്കെ നടത്തി. ചെറിയൊരു ഹോമം വേണം  അതോടെ എല്ലാം റെഡി ആവും ഇല്ലേല്‍ ഞാന്‍ റെഡി ആക്കും ...ഹോമത്തിനുള്ള ഒരു ചാര്‍ട്ടും തന്റെ അഡ്വാന്‍സ്‌ പേമെന്റും  എല്ലാം സെറ്റില്‍ ചെയ്യിച്ചു തീയതിയും തീരുമാനിച്ചു അവരെ അവിടെ നിന്നും സന്തോഷത്തോടെ യാത്രയാക്കി ..

അങ്ങനെ ഹോമ  ദിവസം ആയി. സ്വാമിയും ശിങ്കിടികളും പറഞ്ഞപോലെ ഭക്തയുടെ വീട്ടിലെത്തി. ഹോമത്തിനുള്ള ഒരുക്കങ്ങള്‍ എല്ലാം കഴിഞ്ഞു സ്വാമി  ബാക്കി എല്ലാരെയും പുറത്താക്കി വാതില്‍ അടച്ചു .

മുന്നില്‍ കത്തുന്ന ഹോമകുണ്ടം അതിന്റെ ഒരു വശത്ത് സ്വാമി ഇരുന്നു മറ്റേ അറ്റത്ത്‌ പെണ്‍കുട്ടിയോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു പെണ്‍കുട്ടി അതേപോലെ തന്നെ അനുസരിച്ചു. പിന്നെ മന്ത്രോച്ചാരണങ്ങള്‍ തുടങ്ങി കൂടെ  ഏകലവ്യനിലെ നരേന്ദ്രപ്രസാദിനെ പോലെ  കൈകള്‍ കൊണ്ട് ചില വിക്രിയകളും  ...മന്ത്രം മുറുകിക്കൊണ്ടിരുന്നു ..തൊഴു കൈകളോടെ പെണ്‍കുട്ടി ഹോമ കുണ്ടതിനു മുന്നില്‍.

സ്വാമി മന്ത്രം വിത്ത് ഡയലോഗിലെക്ക് ...ആരാണ് നീ  ഹും . പെണ്ണ്  ഞാനോ ഞാന്‍ സുഷമ.
ഓഹോ അത്രയ്ക്കായോ ...ഓ ഹ്രീം ക്ലിം...ഗുലു ഗുലു ഗ്ഗുഗ്ഗു ലു........തുണിയൂര് പെണ്ണെ ...ഊര് പെണ്ണെ തുണി ...

ങേ ...എന്ന് അന്തം വിട്ടു ചാടി എണീറ്റ പെണ്ണിനോട് സ്വാമി അടുത്തേക്ക്‌ ചെന്ന് തഞ്ചത്തില്‍ പറഞ്ഞു  മോളെ നീ  പേടിക്കണ്ടാ ഇതാണ് നഗ്നപൂജ.. നിന്റെ അമ്മയോട് ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ട്.   നീ തുണി ഊരിക്കഴിഞ്ഞിട്ടു ഞാനും ഊരും. മനസ്സിലുള്ള കളങ്കം മുഴുവന്‍ പോകണം എങ്കില്‍ അങ്ങനെയേ പറ്റൂ . (അല്ലെങ്കില്‍ കളങ്കം ഡ്രസ്സില്‍ തട്ടി പുറത്തേക്കു പോകാതിരുന്നാലോ ..എന്താ മുന്‍കരുതല്‍ )
സംഗതിയുടെ ഏകദേശ രൂപം പിടികിട്ടിയ പെണ്‍കുട്ടി  നിലവിളിയോടെ പുറത്തേക്കു കുതിച്ചു ..പെട്ടെന്ന് അങ്ങനൊന്നു പ്രതീക്ഷിച്ചു കാണില്ല സ്വാമി. മനോനില വീണ്ടെടുക്കാന്‍ ഇത്തിരി സമയം എടുതു കാണണം. കൈ വിട്ടു പോയില്ലേ... 

അധികം താമസിച്ചില്ല  മുറിയിലേക്ക് നാലഞ്ചു ചെറുപ്പക്കാര്‍ പാഞ്ഞെത്തി. 
സ്വാമിയുടെ ഒരു ഭാഗ്യം നോക്കണേ അതിലൊരു വില്ലന്‍റെ കയ്യില്‍ മുറിയുടെ മൂലയ്ക്ക് സ്വാമി സേഫ് ആയി  വച്ചിരുന്ന പുത്തന്‍ മൊബൈല്‍ ക്യാമറ  വീഡിയോ റെക്കോര്‍ഡിംഗ് ഓപ്ഷനില്‍ കണ്ടു കിട്ടി . (ഈ ഹോമമൊരു  മറക്കാത്ത അനുഭവം ആക്കി മാറ്റാന്‍ ആയിരിക്കണം റിക്കോര്‍ഡ്‌ ചെയ്തു സൂക്ഷിക്കാം എന്ന് വച്ചത് ) അതുകൊണ്ട് ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല .ഡയറക്റ്റ്‌ കാര്യപരിപാടിയിലെക്ക് ..സ്വാമിക്കും ശിഷ്യഗണങ്ങള്‍ക്കും വീട്ടുകാരുടെയും നാട്ടുകാരുടെയും വക ചെറിയ രീതിയില്‍ ..അല്ല ഇച്ചിരി വലിയ രീതിയില്‍ തന്നെ ഒരു ശത്രു സംഹാര പൂജയും നേര്‍ച്ചയും വഴിപാടുമൊക്കെ നടത്തി നേരെ തറവാട്ടിലേക്ക് (പോലിസ്‌ സ്റ്റേഷനിലെക്ക് ) യാത്രയാക്കി ...

അവിടുത്തെ സുഖചികിത്സയും താമസവും ഒക്കെ കഴിഞ്ഞു ..വീണ്ടും കളത്തില്‍ ഇറങ്ങാന്‍ തയാറായ സ്വാമിയെ നമ്മുടെ പെണ്‍കിടാവിന്റെ കാമുകനും കൂട്ടുകാരും കൂടി വീട്ടില്‍ വന്നു ചെറിയ രീതിയില്‍ ഒരു സല്‍ക്കാരം കൂടി നടത്തി ..വീണ്ടും സ്വാമിയുടെ കഴുത്തില്‍ ഒരു ക്ലിപ്പ്‌ കൂടി കേറി ..

എന്തായാലും സ്വാമി ഒരു ഹോമം നടത്തി അടുത്തകാലത്ത്‌ എന്ന് മനസ്സിലാക്കാന്‍ നാട്ടുകാര്‍ക്ക്‌ ഒരു അടയാളമായി. പിടലിയില്‍ ഇടയ്ക്കിടെ കേറുന്ന ഈ ക്ലിപ്പ്‌ ....


പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ 

3 അഭിപ്രായങ്ങൾ:

  1. ഹഹ....വിദ്യാസമ്പന്നരായിട്ടും നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യം രസകരമായി പറഞ്ഞു.ഇനി എഴുതുമ്പോൽ ഒന്നുകൂടി ആറ്റിക്കുറുക്കി എഴുതുക.

    മറുപടിഇല്ലാതാക്കൂ