യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കള്‍
ഭര്‍തൃവീട്ടില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കള്‍. കുണ്ടറ പെരുന്പുഴ വഞ്ചിമുക്ക് കോട്ടൂര്‍ വീട്ടില്‍ ലീബയുടെ മകള്‍ അമ്മു (21) ആണ് മരിച്ചത്. ഭര്‍ത്താവ് എഴുകോണ്‍ ഈലിയോട് മോഹനവിലാസത്തില്‍ പണിക്കര്‍ സജിത്ത് സതീശന്റെ വീട്ടില്‍ വച്ച് മാര്‍ച്ച് 21നാണ് അമ്മുവിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. തൂങ്ങിമരിച്ചു എന്നാണ് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് മാതാവ് ലീബയും സഹോദരി മാളുവും പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും പണവും കുറഞ്ഞെന്ന കാരണത്താല്‍ അമ്മുവിന് ഭര്‍ത്താവിന്റെ വീട്ടുകാരില്‍ നിന്ന് നിരന്തര പീഡനം ഉണ്ടായിരുന്നതായി ഇരുവരും വ്യക്തമാക്കി. 2017 മേയ് ഏഴിനായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിയും മുന്പുതന്നെ ഭര്‍തൃവീട്ടില്‍ നിന്ന് പീഡനം തുടങ്ങിയതായി മാതാവും സഹോദരിയും കൊട്ടാരക്കര റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പലപ്പോഴും ഭക്ഷണം കൃത്യമായി കഴിക്കാന്‍ പോലും അനുവദിച്ചിരുന്നില്ലത്രേ. അമ്മു സഹോദരിയോടും മാതാവിനോടും ഫോണില്‍ സംസാരിക്കുന്നത് പോലും ഭര്‍തൃവീട്ടുകാര്‍ വിലക്കിയിരുന്നു. അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സജിത്ത്, പിതാവ് സതീശന്‍, മാതാവ് രെജി, സഹോദരി ജിത്യ എന്നിവരെ പ്രതിയാക്കി എഴുകോണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും ഇവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം. പ്രതികളുടെ സ്വാധീനം കാരണമാണ് അറസ്റ്റ് നടക്കാത്തതെന്നാണ് ബന്ധുക്കള്‍ പറയുന്നു. ഈ സാചര്യത്തില്‍ അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്ന് മാറ്റി മറ്റേതെങ്കിലും ഏജന്‍സിക്ക് കൈമാറണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഡിജിപി, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.
Post a Comment